ബയോ സയൻസ് ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിൽ ആണ്. പരമ്പരാഗത മേഖലകൾ കൂടാതെ വളരെയധികം അവസരങ്ങൾ തുറന്ന് തരുന്ന ചില മേഖലകൾ ഈ രംഗത്തിൽ ഉണ്ട്.
1. ജനിതകശാസ്ത്രം:
ജീനുകളുമായി ബന്ധപ്പെട്ട പഠനങ്ങൾ, ആരോഗ്യത്തിലും പെരുമാറ്റത്തിലും അവ ചെലുത്തുന്ന സ്വാധീനം, പരിസ്ഥിതിയോടുള്ള ജീവികളുടെ പ്രതികരണത്തിലെ സ്വാധീനം തുടങ്ങിയവ ഇന്ന് ആഴത്തിൽ പഠിക്കപ്പെടുന്നുണ്ട്. ഈ മേഖലയിലെ ഗവേഷണങ്ങൾ രോഗ നിർമാർജ്ജനം, longeivity, ആന്റി-ഏജിംഗ് തുടങ്ങിയ നിരവധി തലങ്ങളിലേക്ക് വരെ വ്യാപിക്കുന്നുണ്ടു. ഒരുപക്ഷെ ഈ അടുത്തകാലത്തു ഏറ്റവും രസകരവും സുപ്രധാനവുമായി മാറിയിട്ടുള്ള മേഖലകളിൽ ഒന്നാണ് ജനറ്റിക്‌സ് അഥവാ ജനിതകശാസ്ത്രം.
2. ന്യൂറോ സയൻസസ്:
നാഡീവ്യവസ്ഥയെക്കുറിച്ചുള്ള പഠനമാണ് ന്യൂറോ സയൻസ്. സൈക്കോളജി, അനാട്ടമി, മോളിക്യുലർ ബയോളജി, സൈറ്റോളജി, മാത്തമാറ്റിക്കൽ മോഡലിംഗ് തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. ന്യൂറോണ്സ് ന്റെ ഘടനയെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും, പെരുമാറ്റം, ആരോഗ്യം, ഗർഭധാരണം, നമ്മുടെ ബോധം എന്നിവയെക്കുറിച്ചും ഇത് പഠിക്കുന്നു. ന്യൂറോ സയൻസിലെ ആധുനിക പഠനങ്ങൾ മനുഷ്യ മസ്തിഷ്കവും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള അന്തരം വല്ലാതെ കുറയ്ക്കുന്നുമുണ്ട്. വളരെയധികം വേഗത്തിൽ വളരുന്ന ഒരു ഫീൽഡാണിത്.
3. പോഷകാഹാരവും ഭക്ഷ്യശാസ്ത്രവും:
ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ നേട്ടങ്ങൾക്കും പരാജയത്തിനും ഭക്ഷണം ഒരു പ്രധാന അടിത്തറയാണ്. ഒരുകാലത്തു ഇതൊരു റെറ്റോറിക് മാത്രം ആയിരുന്നു എങ്കിൽ ഇന്നത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പട്ടിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ള ഒരു സമൂഹത്തിൽ, ഭക്ഷണവുമായി ബന്ധപ്പെട്ട കരിയറുകൾക്കു എല്ലായ്പ്പോഴും പ്രാധാന്യവും പ്രസക്തിയും വർദ്ധിച്ചുകൊണ്ടിരിക്കും.
COVID 19 ഉം അനുബന്ധ സംഭവങ്ങളും ആളുകളെ ആരോഗ്യബോധത്തിന്റെ പുതിയ തലത്തിലേക്ക് ആണ് കൊണ്ടുപോയതു. അല്ലാത്തപക്ഷം എത്തിച്ചേരാൻ ഒരു ദശകമെടുക്കുന്ന ഒരു ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ബോധത്തിലേക്ക് നാം ഒരുവർഷം കൊണ്ട് എത്തിച്ചേർന്നു.
ഈ സാഹചര്യത്തിൽ പോഷകാഹാര പഠനങ്ങൾ, ഡയറ്റീഷ്യൻ കോഴ്സുകൾ, ഫുഡ് സയൻസ് അല്ലെങ്കിൽ ഫുഡ് ടെക്നോളജി കോഴ്സുകൾ എന്നിവ ഭാവിയിൽ ആളുകൾക്ക് നല്ല തൊഴിലവസരങ്ങൾ ഉറപ്പാക്കും.
നിങ്ങളുടെ കുട്ടി ബയോ താത്പര്യം ഉള്ള വ്യക്തിയാണെങ്കിൽ ഈ മൂന്നിൽ ഏറ്റവും അനുയോജ്യമായ മേഖലയിലേക്ക് അവരെ നയിക്കുക.