നമ്മുടെ കണ്ണിൽ നാം പലയിടത്തും പരാജയപ്പെട്ടവർ ആയിരിക്കാം, നേട്ടങ്ങൾ ഇല്ലാത്തവർ ആയിരിക്കാം, ആഗ്രഹങ്ങളെ എത്തിപ്പിടിക്കുവാൻ കഴിയാത്തവർ ആയിരിക്കാം. എന്നാൽ മക്കളുടെ കണ്ണിൽ ഓരോ അച്ഛനും അമ്മയും എന്നും എപ്പോഴും സൂപ്പർ ഹീറോസ് ആണ്. അവരുടെ റോൾ മോഡൽസ് ആണ്.
ആദ്യമായി ആഹാരം കൊടുത്തവർ, കൈപിടിച്ച് നടത്തിയവർ, ആദ്യാക്ഷരം പറഞ്ഞുകൊടുത്തവർ. അങ്ങനെ എല്ലാത്തിന്റെയും തുടക്കം ഓരോ കുട്ടിക്കും അവളുടെ അമ്മയുടെയും അച്ഛന്റെയും സംരക്ഷണയിൽ ആണ്. അവളെ സംബന്ധിച്ചടുത്തോളം തന്റെ ജീവിതത്തിൽ ഏതു പ്രശ്നത്തിനും കൊടുംകാറ്റിൽ ഇളകാതെ നിൽക്കുന്ന ഉറച്ച തൂണുപോലെ വേരുപടർത്തിനിൽക്കുന്ന സുരക്ഷാവലയം ആണ് അമ്മയും അച്ഛനും. ഏതു പ്രതിസന്ധിഘട്ടത്തിലും ഒന്നുറക്കെവിളിച്ചാൽ മറ്റൊന്നും ചിന്തിക്കാതെ ഓടിയെത്തുന്ന ‘the abolute resort’.
കുട്ടികളുടെ ഈ മാനസികാവസ്ഥ സത്യത്തിൽ ഓരോ അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വം വല്ലാതെ വർദ്ധിപ്പിക്കുകയാണ്. ഒരു പ്രായം വരെ ഇതുനന്നായി മാതാപിതാക്കൾ നിർവഹിക്കാറുമുണ്ട്. പക്ഷെ ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ചില ഘട്ടങ്ങളിൽ നമ്മുടെ കൃത്യമായ സപ്പോർട്ട് കുഞ്ഞുങ്ങൾക്ക് ലഭിക്കാറില്ല എന്നതാണ് വാസ്തവം.
ഒരു വ്യക്തി ഈ ലോകത്തിൽ അവന്റെ ഐഡന്റിറ്റി ഉറപ്പിക്കുന്നതിൽ, സാമ്പത്തിക ഭദ്രത നേടുന്നതിൽ, സന്തോഷം ആസ്വദിക്കുന്നതിൽ ഒക്കെ അവന്റെ ഉപരിപഠനവും കരിയറും സംബന്ധിച്ച തീരുമാനം വളരെ പ്രധാനമാണ്. 95% കുട്ടികളും തെറ്റായ ഉപരിപഠന മേഖലകളും കരിയറും തിരഞ്ഞെടുക്കുന്നുണ്ട് എന്നാണു Dr നീൽ ഹോവേ നടത്തിയ പഠനം കണ്ടെത്തുന്നത്. അത് അവരെ നയിക്കുന്നത് തീർത്തും അസംതൃപ്തവും അസ്ഥിരവുമായ ഭാവിയിലേക്കുമാണ്.
ഇവിടെ ഈ സാഹചര്യം ഒഴിവാക്കുവാൻ, അവരെ ഏറ്റവും ഉചിതമായ പഠന – കരിയർ മേഖലകളിലേക്ക് നയിക്കുവാൻ എന്താണ് ഓരോ അച്ഛനും അമ്മയ്ക്കും ചെയ്യുവാൻ കഴിയുക?
ഇത് വായിക്കുമ്പോൾ ഒരുപക്ഷെ നിങ്ങൾക്ക് തോന്നിയേക്കാം എന്താണ് ഇതിൽ അച്ഛന്റെയും അമ്മയുടെയും റോൾ എന്ന്. ടീനേജ് ആയ ഒരു കുട്ടി അവന്റെ കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കില്ലേ എന്ന്. അല്ലെങ്കിൽ അവൻ നമ്മളെ കേൾക്കുമോ, കൂട്ടുകാരുടെ വഴിയല്ലേ പോവുകയുള്ളു എന്നൊക്കെ. അല്ലെങ്കിൽ ഇതൊക്കെ കരിയർ കൗൺസിലർ ചെയ്യേണ്ട പണിയല്ല എന്നൊക്കെ. പക്ഷെ സത്യം തികച്ചും വ്യത്യസ്തമാണ്. 76% കുട്ടികൾ അവരുടെ ഉപരിപഠനവും കരിയറും സംബന്ധിച്ച തീരുമാനത്തിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നത് അച്ഛനമ്മമാരാൽ ആണ് എന്നാണു ലണ്ടനിലെ ഡെർബി സർവ്വകലാശാല നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
ഇവിടെ എന്താണ് നമുക്ക് ചെയ്യുവാൻ കഴിയുക. അഞ്ച് പ്രധാന കാര്യങ്ങൾ താഴെ എഴുതാം.
1. പുതിയ ലോകത്തെ കരിയർ സാധ്യതകളിലേക്കു കുട്ടികളെ എക്സ്പോസ് ചെയ്യുക: ലോകം മാറുകയാണ്. പല തൊഴിൽ മേഖലകളും തകരുന്നു, പുതിയവ കുതിച്ചുകയറുന്നു. ഭാവിയിലെ അവസരങ്ങൾ എവിടെയാകും എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഡോക്ടർ എഞ്ചിനീയർ എന്ന രണ്ടുവാക്കുകൾക്കപ്പുറത്തെ ലോകത്തിലേക്കു അവരെ കൂട്ടിക്കൊണ്ടുപോവുക ഓരോ അച്ഛന്റെയും അമ്മയുടെയും കടമയാണ്.
2. മക്കളുടെ പാഷൻ മനസ്സിലാക്കുക: ഒരു കരിയർ മേഖലയോടുള്ള അദമ്യമായ അഭിനിവേശം ആണ് പാഷൻ. നന്നായി ഒബ്സർവ് ചെയ്‌താൽ നമുക്കിത് മനസ്സിലാക്കാം. പുതിയ മേഖലകളിൽ അവർക്കു പാഷൻ ഉള്ള മേഖലയിലേക്ക് അവരെ നയിക്കുവാൻ സാധിച്ചാൽ നല്ലതു.
3. ആപ്റ്റിട്യൂട് തിരിച്ചറിയുക: പാഷനോളം പ്രധാനമാണ് അഭിരുചി അല്ലെങ്കിൽ ആപ്റ്റിട്യൂട്. ഏറ്റവും മികച്ച ടൂൾസ് ഉപയോഗിച്ച് മക്കളുടെ ആപ്റ്റിട്യുടെ മനസ്സിലാക്കുവാൻ അവരെ സഹായിക്കുക.
4. തിരഞ്ഞെടുക്കുന്ന മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കുവാൻ അവസരം ഒരുക്കുക: വിദഗ്ദ്ധരുമായി നടത്തുന്ന സംസാരത്തിനോളം അറിവുനൽകുന്ന മറ്റൊന്നില്ല. അവർ തിരഞ്ഞെടുക്കുന്ന, അവർക്കു യോജിക്കുന്ന മേഖലയിലെ വിദഗ്ദ്ധരുമായി നേരിട്ടോ – ഫോണിലോ സംസാരിക്കുവാനുള്ള അവസരം ഒരുക്കികൊടുക്കുക പ്രധാനമാണ്.
5. നിരന്തരം മക്കളെ മോട്ടിവേറ്റ് ചെയ്യുക: പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു മാനസികാവസ്ഥ ഏതു വിജയത്തിന്റെയും അടിസ്ഥാനം ആണ്. ഉപരിപഠന കരിയർ മേഖലകളിൽ മുന്നേറുവാൻ നിരന്തരമായ മോട്ടിവേഷൻ അത്യന്താപേക്ഷിതം ആണ്. ഇത് നൽകുവാനുള്ള കടമ മാതാപിതാക്കൾക്കുണ്ട്.
ഓരോ കുട്ടിയുടെയും വിജയത്തിനു പിന്നിൽ അച്ഛന്റെയും അമ്മയുടെയും ഗൈഡൻസിന്റെ പിൻബലവും പിന്തുണയും ഉണ്ട്. ചെറുപ്രായത്തിൽ കൈപിടിച്ച് നടത്തിയപോലെ വളരെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഭാവിയിലേക്ക് അവർ യാത്ര തുടരുമ്പോൾ ശെരിയായ പാതയിലേക്ക് കൈപിടിച്ച് നടത്തുവാനുള്ള നമ്മുടെ ഉത്തരവാദിത്വം നാം നിർവഹിക്കണം. അപ്പോഴാണ് ഓരോ പാരന്റും സൂപ്പർഹീറോസും സൂപ്പർ പാരന്റും ആകുന്നതു.
Let’s together become Super Parents.